11 December 2006

ദേവകുമാരി

ദേവകുമാരിയെപോലെ ഒരു ദേവകുമാരിയെപോലെ
പതിവുപോലന്നും തന്റെ പള്ളിത്തേരില്‍ പൗര്‍ണ്ണമി മാനത്തുവന്നു
ശുഭ്രവസ്ത്രാംഗിതയായി സര്‍വാഭരണവിഭൂഷിതയായി

കാമുകനാം കരിമുകിലവളെ പുണരാനോടിയടുത്തനേരം
ഊറിചിരിച്ച പൗര്‍ണ്ണമിയപ്പോള്‍ ആകാശഗംഗയില്‍ കാലുതെന്നിതാഴത്ത്‌ വന്നുവീണു
അവളാ കാനനപൊയ്കയില്‍ വന്നുവീണു

താഴത്തുവന്ന ദേവതക്കായ്‌ ആമ്പലുകള്‍ താലമെടുത്തു
നെയ്യാമ്പലുകള്‍ താലമെടുത്തു
നെയ്യാമ്പലുകളാം തോഴിമാരൊന്നിച്ചു കാനനപൊയ്കയില്‍ നീരാടീ
അവളാ കാനനപൊയ്കയില്‍ നീരാടീ

പുലരാനേഴരവെളുപ്പുള്ളപ്പൊള്‍
മന്ദമാരുതന്‍ തലോടിയപ്പോള്‍
നിദ്രനിറഞ്ഞ മിഴികളുമായവള്‍ കടലിലേക്കൂഴ്‌ന്നിറങ്ങി

ദേവത പോയാ ദിക്കും നോക്കി
തോഴിമാര്‍ കൈകള്‍ കൂപ്പി നിന്നു
മിഴികള്‍ കൂമ്പി നിന്നു
നമ്രശിരസ്കരായി ജീവിതസാഫല്യമോടെ

10 December 2006

സൂര്യന്‍

സൂര്യകിരണങ്ങള്‍ തഴുകിയുണര്‍ത്തിയ താമരേ ചെന്താമരേ
നിന്റെ കവിളിലെ വര്‍ണ്ണപരാഗങ്ങള്‍ ആര്‍ക്കുവേണ്ടി, ഇന്നാര്‍ക്കുവേണ്ടി

കുളിരോളങ്ങള്‍ തഴുകി തലോടുന്ന താമരേ ചെന്താമരേ
നിന്റെ കവിളിലെ പൂംബൊടി നുകരാന്‍ മന്ദമാരുതനെത്തിയില്ലേ
നിന്റെ ചുണ്ടിലെ പൂന്തേനുണ്ണാന്‍ ശലഭമണഞ്ഞില്ലേ, ചിത്രശലഭമണഞ്ഞില്ലേ

സൂര്യരശ്മികള്‍ ഏറ്റപ്പോള്‍ പുളകിതയായോ നീ
നമ്രമുഖിയായോ, ലജ്ജാവിവശയായോ

അസ്തമനസൂര്യന്‍ നിന്നേ ചുംബിച്ചാണോ ഇത്രയും രക്തവര്‍ണം
സൂര്യനിത്രയും രക്തവര്‍ണം

09 December 2006

സന്ധ്യ

സിന്ദൂരാംഗിയാം സന്ധ്യ
സുന്ദരിയാം സന്ധ്യ
ചക്ക്രവാളം തിലകംചാര്‍ത്തി സുന്ദരിയാം സന്ധ്യ

സുമംഗലിയാകാന്‍ ദീര്‍ഘസുമംഗലിയാകാന്‍
സോമവാരവ്രതം നോറ്റുനിന്നു, അവളാരേയോ ധ്യാനിച്ചുനിന്നു

മാനത്തുദിച്ച പനിമതിയവളെ കടക്കണ്ണെറിഞ്ഞപ്പൊള്‍
ആ കടക്കണ്‍ പൊത്തി കരിമുകിലവളെ കടലിലൊളിപ്പിച്ചു

മാനത്തു കൊള്ളിയാന്‍ മിന്നിയപ്പോള്‍
കിളികള്‍ പാടിയപ്പോള്‍
സന്ധ്യവന്നു ഉഷസന്ധ്യവന്നു

സ്വയംവരഹാരവുമായ്‌ കൈയില്‍ സ്വയംവരഹാരവുമായ്‌
ഏഴുകുതിരകള്‍ നയിക്കും തേരില്‍ സൂര്യനവളെ കൊണ്ടുപോയി
മറഞ്ഞു പോയി, അവള്‍ മറഞ്ഞു പോയി